കോന്നി ആനക്കൂട്ടിലെ ആനകളെ അടവി ഇക്കോടൂറിസം പദ്ധതിയുടെ അടുത്തുള്ള പേരുവാലിയിലേക്ക് പുതിയ ആന ക്യാമ്പ് തുറന്ന് മാറ്റാൻ നീക്കം. ഇത് സംബന്ധിച്ച് ഉന്നത വനപാലകർ ചർച്ച നടത്തി. കഴിഞ്ഞ ദിവസം നീലകണ്ഠൻ ആന എരണ്ടക്കെട്ട് പിടിച്ച് കോന്നി താവളത്തിൽ ചരിഞ്ഞതിന് വ്യായാമക്കുറവും ഒരു കാരണമായി പറയുന്നുണ്ട്. കോന്നി ആനത്താവളത്തിൽ അഞ്ച് ആനകൾ ആണ് ഉള്ളത്. രാവിലെയും വൈകിട്ടും ഒരുമണിക്കൂർ നടത്തം മാത്രമേ വ്യായാമമായിട്ടുള്ളൂ. മുൻപ് ആനകളെ കുളിപ്പിക്കാനായി അച്ചൻകോവിലാറ്റിലെ സഞ്ചായത്ത് കടവ്, മാമ്മൂട്ടിൽ കടവ് എന്നിവിടങ്ങളിൽ കൊണ്ടുവരുമായിരുന്നു. തിങ്കഴാഴ്ച ദിവസം കുമ്മണ്ണൂർ വനത്തിൽ ആനകളെ മേയാൻ വിടുമായിരുന്നു. അതെല്ലാം ഇപ്പോൾ നിർത്തി. ആധുനിക ശൈലിയിലുള്ള പരിചരണമാണ് കോന്നി ക്യാമ്പിൽ ഉള്ളത്. നടത്തത്തിന്റെ ദൂരം കുറഞ്ഞു. വിശാലമായ കുളിക്ക് പകരം ഷവർബാത്തായി. ആനകൾക്ക് സ്വതന്ത്രമായി നടക്കാനുള്ള സ്ഥലപരിമിതിയും ആനത്താവളത്തിൽ ഉണ്ട്. ഇതിന് പരിഹാരമായിട്ടാണ് പേരുവാലിയിലെ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. കോന്നി ആനക്കൂടിന്റെ പ്രാധാന്യം നഷ്ടപ്പെടാതെ പേരുവാലിയിലും മറ്റൊരു ക്യാമ്പ് തുറക്കാനാണ് പദ്ധതിയെന്ന് കൊല്ലം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കമലഹർ പറഞ്ഞു. ഇതിന്റെ വിശദാംശങ്ങൾ അനുമതിക്കായി വനം വകുപ്പിന്റെ ഉന്നതങ്ങളിലേക്ക് നൽകിയിട്ടുണ്ട്
A move has been made to open a new elephant camp to Peruvali near the Konni elephant enclosure and move it to the ecotourism project.